ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങള്‍ വിദ്യാഭാസകാലത്താണെന്നാവും മിക്കവരുടെയും അഭിപ്രായമെന്നാണു് ഞാന്‍ കരുതുന്നതു്. എന്റെ കാര്യത്തിലെങ്ങനെയായാലും അതായിരുന്നു യാഥാര്‍ത്ഥ്യം. അതില്‍ തന്നെ കോളേജ് ജീവിതം ഗൃഹാതുരത്വമുണര്‍ത്തുന്ന മധുരസ്മരണകള്‍ നിറഞ്ഞതായിരുന്നു.
കോഴിക്കോട്ടെ ആ പ്രശസ്തമായ കോളേജില്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഒന്നാം കൊല്ലകാര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു ഹോസ്റ്റലാണു് അലോട്ട് ചെയ്തു് കിട്ടിയതു്- മെന്‍സ് ഹോസ്റ്റല്‍ ബ്ലോക്ക് 3. എല്ലാവരും ഒരു ഹോസ്റ്റലിലായതുകൊണ്ട്, അവിടം ഞങ്ങളുടെ സാമ്രാജ്യമായിരുന്നു. അവിടത്തെ കുസൃതികളും തമാശകളും പഠിത്തത്തിന്റെ ചൂടിനിടയിലെ സുഖകരമായ ആശ്വാസവേളകളായിരുന്നു. ഞങ്ങളുടെ കൂടെയുള്ള പെണ്‍കുട്ടികളാവട്ടെ ലേഡീസ് ഹോസ്റ്റല്‍ ബ്ലോക്ക് 2-വിലും. ആണ്‍പെണ്‍ഭേദമില്ലാതെ ക്ലാസുകളിലും, ലാബുകളിലും ഇടപെടേണ്ട ഒരു പാഠ്യപദ്ധതിയായതുകൊണ്ട് ഞങ്ങളെല്ലാവരും പെട്ടെന്നു് അടുത്തു. മനോഹരമായ സുഹൃത്‌ബന്ധങ്ങള്‍ രൂപം കൊണ്ട ആ നാളുകളില്‍ ചേച്ചിയെപ്പോലെ ഉപദേശിയ്ക്കാനും, അനുജത്തിയെപ്പോലെ കളിയാക്കാനും കൂട്ടുകാരികളുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്കിടയ്ക്ക് ഷൈന്‍ ചെയ്യാനുള്ള അവസരങ്ങള്‍ മിക്കവരും പാഴാക്കിയിരുന്നില്ല.
ആണ്‍കുട്ടികള്‍ തമ്മില്‍ വലിയ അടുപ്പത്തിലായിരുന്നുവെങ്കിലും സ്വാഭാവികമായി പല ഗ്രൂപ്പുകളും രൂപമെടുത്തു. നിര്‍ദ്ദോഷമായ ഫലിതങ്ങള്‍ തൊട്ട് സീരിയസായ പാരകള്‍ വരെ പലതും അക്കാലത്തു് അരങ്ങേറി.
ഞങ്ങളുടെ ഒരു ക്ലാസ്‌മേറ്റ് ആയിരുന്നു സജി ഫ്രാന്‍സിസ്. സജിയെ ക്ലാസിലെ കുറേ പേര്‍ക്കെങ്കിലും വലിയ പത്ഥ്യമുണ്ടായിരുന്നില്ല. മറ്റുള്ളവരെല്ലാം തന്റെ മുന്നില്‍ എത്ര നിസ്സാരര്‍ എന്ന ഭാവത്തിലുള്ള നടത്തവും ഭാവവുമെല്ലാം സജിയെ മറ്റുള്ളവരില്‍ നിന്നകറ്റിയെന്നു തോന്നുന്നു. അങ്ങനെയിരിയ്ക്കെ സജിയ്ക്ക് ഒരു ഉഗ്രന്‍ എൈഡിയ വീണു കിട്ടി. ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ കണ്ടത്താന്‍ ഒരു രഹസ്യ വോട്ടെടുപ്പ് നടത്തുക. ആ പെണ്‍കുട്ടിയ്ക്ക് പരസ്യമായി നല്ലൊരു സമ്മാനം നല്കുക. മിക്കവാറും അനിതയോ രോഷ്നാരയോ ആവും അതെന്നായിരുന്നു സജിയൂടെ കണക്കുകൂട്ടല്‍. മറ്റുള്ള സുന്ദരികള്‍ക്ക് ഒരാശ്വാസമായി കിട്ടിയവോട്ടുകളുടെ കണക്കുകള്‍ പ്രസദ്ധീകരിയ്ക്കുക. (അവരെയും പിണക്കാന്‍ പാടില്ലല്ലോ!) സമ്മാനം സ്പോണ്‍സര്‍ ചെയ്യുന്നതു് സജി, കൊടുക്കുന്നതു് സജി, വെന്യു ലേഡീസ് ഹോസ്റ്റല്‍ ബ്ലോക്ക് 2, ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം? ഫലമറിഞ്ഞ ഉടനെത്തന്നെ തന്നെ ലേഡീസ് ഹോസ്റ്റലില്‍ ചെന്നു്, അനിതയെ ഗേയ്ററിനരികിലേയ്ക്ക് വിളിച്ചു വരുത്തി സമ്മാനം കൊടുക്കുന്നതും, അനിത നാണിച്ച് വന്നു് സമ്മാനം വാങ്ങുന്നതും, മറ്റുള്ള ലലനാമണികള്‍ അസൂയ കൊണ്ട് കറുത്തിരുണ്ട മുഖവുമായി നോക്കി നില്ക്കുന്നതും ആലോചിച്ചപ്പോള്‍ സജിയ്ക്ക് ഇനി വോട്ടെടുപ്പ് നീട്ടി വെയ്ക്കാന്‍ വയ്യെന്നായി. ഗോപസ്‌ത്രീകളുടെ നടുവില്‍ ശ്രീകൃഷ്ണനെപ്പോലെ നില്ക്കുന്ന സജിയെ നോക്കി മറ്റുള്ള കശ്മലന്മാര്‍ പല്ലിറുമ്മതു കൂടി ആലോചിച്ചപ്പോള്‍ ഒരുക്കങ്ങള്‍ക്ക് വേഗത കൂടി. അങ്ങനെ മെന്‍സ് ഹോസ്റ്റലിലെ റൂമുകളില്‍ ഒരറ്റം മുതല്‍ സജിയും കൂട്ടുകാരും ചേര്‍ന്നു് നടന്നു് കടലാസുകഷ്ണങ്ങളില്‍ എഴുതി മടക്കിയ രഹസ്യവോട്ടുകള്‍ ശേഖരിച്ചു. വോട്ടിംഗ് ശതമാനം കുറയാതിരിയ്ക്കാന്‍ സജിയുടെ ഏജന്റുമാരായ ജിമ്മിയും അലിയും നേരത്തെ തന്നെ റൂമുകളില്‍ കയറി ഇറങ്ങി. നിക്പക്ഷ നിരീക്ഷകരായി ആന കുഞ്ചുവിനേയും കാള പോളിനേയും നിയമിച്ചു. നാളെ മറ്റുള്ള അലവലാതികള്‍, അനിത ജയിച്ചതു വ്യാജവോട്ടു കൊണ്ടായിരുന്നു എന്നു് പറയരുതല്ലോ. പുസ്തകത്തില്‍ നിന്നു് തലയുയര്‍ത്താത്ത സുനിലിനെക്കൊണ്ടും, പെണ്ണെന്നു പറയുമ്പോള്‍ നാണിച്ചു തല താഴ്ത്തുന്ന കെ.പി.മോഹനനെക്കൊണ്ടും നിര്‍ബന്ധിച്ച് വോട്ടു ചെയ്യിച്ചു. വോട്ടിംഗിനെതിരായി വാദിച്ചുവെങ്കിലും അബ്‌ദുള്‍ അസീസും അവസാനം വോട്ടു ചെയ്തു. കുസുമത്തിനു വേണ്ടി രണ്ടാമതു് കള്ള വോട്ടു ചെയ്യാന്‍ ശ്രമിച്ച കുര്യനെ ആനകുഞ്ചു കോളറിനു പിടിച്ചു പുറത്താക്കിയതൊഴിച്ചാല്‍ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. സയ്യിദ് അലവി കോയ തങ്ങള്‍ മാത്രം വോട്ടിംഗില്‍ നിന്നു് വിട്ടു നിന്നു. ഹോസ്റ്റല്‍ സെക്രട്ടറി സാജന്റെ നേതൃത്വത്തില്‍ പോര്‍ട്ടിക്കോവില്‍ വെച്ച് വോട്ടെണ്ണല്‍ തുടങ്ങി. ആദ്യത്തെ ബാലറ്റ് പേപ്പര്‍ തുറന്നു. അനിത. സജിയുടെ മുഖം തെളിഞ്ഞു. അടുത്തതു തുറന്നു. സജി . സദസ്സില്‍ നിന്നു് ചെറിയ ചിരി തുടങ്ങി. അടുത്തതു തുറന്നു -സജി.അടുത്തതും അതിനടുത്തതും സജി തന്നെ. ചെറിയ ചിരി കൂട്ടച്ചിരിയായി. തുറക്കുന്ന പേപ്പറുകള്‍ ഒട്ടു മിക്കതും സജിയുടെ പേരില്‍ത്തന്നെ. സജിയുടെ അടുത്ത കൂട്ടുകാര്‍ പോലും ചിരിയില്‍ പങ്കുചേര്‍ന്നു. ആനകുഞ്ചു ആര്‍ത്തു ചിരിയ്ക്കാന്‍ തുടങ്ങി. ആരോ കൂട്ടത്തില്‍ നിന്നു തുടങ്ങിയ കൂവല്‍ ഹോസ്റ്റലാകെ പടര്‍ന്നു. വിളറിയ മുഖവുമായി സജി റൂമില്‍ കയറി വാതിലടച്ചു. റൂമില്‍ ബാലറ്റ് ശേഖരിയ്ക്കാന്‍ കയറിയ സജിയ്ക്കു മുന്നിലായി തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ഉപദേശവുമായി ഒരു സംഘം കയറിയിറങ്ങിയതു് സജി അറിഞ്ഞതേയില്ല. ആമ്പിള്ളേരാരെങ്കിലും അങ്ങനെ കൂട്ടത്തലൊരുവനെ തങ്ങളുടെ ചെലവില്‍ ഷൈന്‍ ചെയ്യാന്‍ സമ്മതിയ്ക്കുമോ? ഏതായാലും അടുത്ത ദിവസം രാവിലെത്തന്നെ നോട്ടീസ് ബോര്‍ഡില്‍ തെരഞ്ഞെടുപ്പുഫലം പ്രത്യക്ഷപ്പെട്ടു. ഒരു കോപ്പി ആരോ ലേഡീസ് ഹോസ്റ്റലിലേയ്ക്കും കൊടുത്തയച്ചു.
ആകെ പോള്‍ ചെയ്ക വോട്ട്- 99
സജി ഫ്രാന്‍സിസ്-52
അനിത-15
രോഷ്നാര-10
നീന തോമസ്-5
ഗിരിജ-3
കുസുമം-1 (ഇതാരാണ് ചെയ്തതെന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ.)
കെ.പി.മോഹനന്‍-1 (കാണുമ്പോള്‍ ഏകദേശം ഷക്കീല പാന്റ്സും ഷര്‍ട്ടുമിട്ട പോലെയുണ്ടെങ്കിലും അതു കുറച്ചു കടുപ്പമായിയെന്നു് എല്ലാവരും സമ്മതിച്ചു. )
ബാക്കിയെല്ലാ സ്‌ത്രീജനങ്ങളും കൂടി - 12
പിറ്റെ ദിവസം രാവിലെയുള്ള ഇടവേളയില്‍ കാന്റീനിലെ ടേബിളിനു ചുറ്റുമുള്ള ചര്‍ച്ചകളില്‍ പ്രധാനവിഷയം ഇതുതന്നെയായിരുന്നു. ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടിന്റെ കണക്കു പറഞ്ഞു എല്ലാവരും ചിരിച്ചു കുഴഞ്ഞു. ചായ കഴിഞ്ഞ് വെയിറ്റര്‍ രവി ബില്ലു കൊണ്ടുവന്നു വെച്ചു. മാസാവസാനമായതുകൊണ്ട് സുഷമയോ താഹിറയോ അതു കൊടുക്കുമെന്നുള്ള പ്രതീക്ഷയില്‍ ഞാനും സുരേഷും അതു കണ്ടില്ലെന്നു നടിച്ച് മന്ത്രിസഭയുടെ ഭാവിയെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ മുഴുകി. ബില്ലെടുക്കാന്‍ തുടങ്ങിയ സുഷമയുടെ പക്കല്‍ നിന്നും അതു പിടിച്ചു വാങ്ങി എന്റെ കൈയിലേല്പിച്ച് ടെസ്സി തോമസ് പറഞ്ഞു - എടാ നിനക്കൊക്കെ ദിവസവും മൂക്കു മുട്ടെ ചായയും മസാലദോശയും വാങ്ങിത്തരുന്ന ഞങ്ങളിലാര്‍ക്കെങ്കിലും ഒരു വോട്ടെങ്കിലും നിങ്ങളിലാരെങ്കിലും ചെയ്തോ? അതു കൊണ്ട് ഇനി ബില്ലു നീയൊക്കെത്തന്നെ കൊടുത്താല്‍ മതി. ബില്ലും പിടിച്ച് കസേരയില്‍ തരിച്ചിരുന്ന എന്നെ അവഗണിച്ച് അവരുടെ പിന്നാലെ സുരേഷും, സൂരജും, വാസുവും നടന്നകന്നു.
വാല്‍ക്കഷ്ണം- വാര്‍ത്ത -അമേരിയ്കയിലെ ലോങ്ങ് ഐലന്റ് എന്ന സ്ഥലത്തു പ്രാക്ടീസു ചെയ്യുന്ന സജി ഫ്രാന്‍സിസ് എന്ന ഡോക്ടറെ മയക്കു മരുന്നിടപാടില്‍ അറസ്റ്റു് ചെയ്തിരിയ്ക്കുന്നു. ദൈവമേ അതു ഞങ്ങളുടെ സജിയാണോ? ആവാതിരിയ്ക്കട്ടെ
Tuesday, January 12, 2010
Subscribe to:
Comments (Atom)