Thursday, May 20, 2010

യുവജനോത്സവം

പഴയ കലാലയജീവിതത്തിലേയ്ക്ക് ഒരു തിരിച്ചുപോക്ക്---------

കഴിഞ്ഞയാഴ്ച കോളേജിലെ ഇന്റര്‍ക്ലാസ് മത്സരങ്ങളുടെ ഒരു വീഡിയോ കണ്ടു. ഒരു വിദ്യാര്‍ത്ഥിയുടെ കവിതാപാരായണ മത്സരമായിരുന്നു. നമ്മുടെ കോളേജിലെ ഏറ്റവും വാശിയേറിയ മത്സരമായിരുന്നല്ലോ അതു്. നമ്മുടെ ബാച്ചിന്റെ കഴിവു തെളിയിയ്ക്കാന്‍, സീനിയേഴ്സിനു മുമ്പില്‍ നമ്മളും മോശമല്ലെന്നു കാണിയ്ക്കാന്‍, ബാച്ചിലെത്തന്നെ മറ്റുള്ളവരുടെ മുമ്പില്‍ സ്ക്കൂളിലും കോളേജിലും പണ്ടു കാണിച്ച നമ്പറുകള്‍ ഒന്നു പൊടി തട്ടിയെടുത്ത് അവതരിപ്പിച്ച് ഷൈന്‍ ചെയ്യാന്‍---- അങ്ങനെ ലക്ഷ്യങ്ങള്‍ പലതായിരുന്നല്ലോ അന്ന്. ആദ്യത്തെ കൊല്ലത്തെ മത്സരമായിരുന്നു അതു കൊണ്ടു തന്നെ ഏറ്റവും വാശിയേറിയതും, കൂടുതല്‍ പേര്‍ പങ്കെടുക്കുന്നതും. നമ്മുടെ കൂട്ടുകാരുടെ തന്നെ കഴിവുകള്‍ കണ്ട് നാം അന്നു് അത്ഭുതപ്പെട്ടു പോയതോര്‍മ്മ വരുന്നു. ട്രിപ്പിള്‍ ഡ്രമ്മിനു് സമ്മാനം മേടിച്ച സുധാകരന്‍, ആഫ്രിക്കന്‍ ഡാന്‍സ് അവതരിപ്പിച്ച സുരജും സംഘവും, ഗിറ്റാറിനു് കോളേജിലെ ആസ്ഥാനവിദ്വാനെ തോല്പിച്ച നീന തോമസും, വാശിയേറിയ ഗാനമേള മത്സരം നയിച്ച സേതുമാധവനും ബാച്ചിന്റെ അഭിമാനങ്ങളായിരുന്നു. ബാച്ചിനു് പോയിന്റ് കിട്ടാന്‍ എന്തും ചെയ്യാമായിരുന്ന അന്നു് അബൂബക്കര്‍ കവിത വായിച്ചതും, തെരുവിലെ ജീവതത്തിന്റെ ടാബ്ലോയ്ക്ക് പാരാല്‍ഡിഹൈഡ് കൊടുത്ത് സ്റ്റേജില്‍ പട്ടിയെ മയക്കികിടത്തിയതും ഇന്നും രസമുള്ള ഓര്‍മ്മകളാണ്. കൈയടി മാത്രമല്ല കൂവലിനും കമന്റുകള്‍ക്കും അന്നു് പഞ്ഞമില്ലായിരുന്നല്ലോ. സ്റ്റേജില്‍ പരിപാടികള്‍ക്കിടയ്ക്ക് കമന്റുകള്‍ കേട്ട് ചിരിയ്ക്കാതിരിയ്ക്കാന്‍ പാടുപെട്ടിരുന്നതോര്‍മ്മ വരുന്നു.

മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും എന്ന പ്രസിദ്ധമായ നാടകം അവതരിപ്പിച്ച് സമ്മാനം വാങ്ങണമെന്ന ദുര്‍ബുദ്ധി എന്നാണാവോ ഞങ്ങള്‍ക്ക് തോന്നിയതു്. രാധാകൃഷ്ണനും, കുര്യനും ശ്രീമോഹനനുമായിരുന്നു പണ്ഡിതന്മാര്‍. കുര്യനെ കണ്ടാല്‍ സിംഹത്തിന്റെ ഛായയുണ്ടെങ്കിലും, ചുവടു വെച്ചു കളിയ്ക്കേണ്ട ആ റോള്‍ അവനു് പറ്റില്ലെന്ന ക്ലാസിലെ ആസ്ഥാനവിദ്വാന്മാര്‍ വിലയിരുത്തി. (കുര്യനു് ആകെ ഒരു സ്റ്റെപ്പു മാത്രമേ അറിയൂ. പണ്ഡിതനായാലും, ഉപദേശിയായാലും, കാമുകനായാലും അവന്‍ അതേ കളിയ്ക്കൂ.) നാടകത്തിലെ പ്രധാന റോളായ സിംഹമായി നീ തന്നെ വേണമെന്നു് അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ അതെനിയ്ക്ക് പാര പണിതതാണെന്നു് ഞാന്‍ കരുതിയതേ ഇല്ല. നാടകത്തിന്റെയന്നു് മേയ്ക്കപ്പ് കഴിഞ്ഞു കണ്ണാടി നോക്കിയപ്പോള്‍ എന്റെ ബോധം പോയില്ലെന്നേ ഉള്ളു.മൂന്നു പേര്‍ക്കും തിളങ്ങുന്ന കുപ്പായങ്ങളും തലപ്പാവുകളും. എനിയ്ക്കാണെങ്കില്‍ ദേഹത്തു ചുറ്റിക്കെട്ടിയ ചാക്കും മുഖത്ത് സിംഹത്തിന്റെ മുഖം മൂടിയും! ടേബിള്‍മേറ്റുകളായ ടെസ്സിയ്ക്കും, സുഷമയ്ക്കും താഹിറയ്ക്കും അതു ഞാനാണെന്നു് മനസ്സിലായേക്കും. പക്ഷെ ജൂനിയര്‍ ബാച്ചിലെ നൂര്‍ജഹാനും, പ്രീതാ വര്‍മ്മയുമൊന്നും അതറിയില്ലല്ലോ. ഏതായാലും വേഷം കെട്ടിയില്ലേ. സ്റ്റേജിനു നടുവിലിട്ട, മൂന്നു വശവും മറച്ച മേശയ്ക്കടിയില്‍ സിംഹമായി ഞാനിരുന്നു. സ്റ്റേജില്‍ പണ്ഡിതന്മാര്‍ തകര്‍ത്തഭിനയിക്കുന്നു. അഭിനയത്തിന്റെ മേന്മ കൊണ്ടോ, നാടകം ജനത്തിനു മനസ്സിലാവാത്തതു കൊണ്ടോ കൂവലിനു് നിമിഷം തോറും ശക്തി കൂടി വരുന്നു. കൂവല്‍ ആരവവും അലര്‍ച്ചയുമൊക്കെയായി മാറുന്നു. പെമ്പിള്ളേരുടെ ഭാഗത്തുനിന്നും കസേരമേല്‍ അടിയ്ക്കുന്ന ശബ്ദവും ഉയരുന്നു(ആരാണു് ഭാരതസ്ത്രീ തന്‍ ഭാവശുദ്ധിയെന്നൊക്കെ പാടിയതു്?). സീനിയേഴ്സ് കൂട്ടമായി ബാക്കില്‍ നിന്നു് സ്റ്റേജിനു് മുന്നില്‍ വന്നു് നിന്നു് മുഖത്തു നോക്കി കൂവുന്നു. മൃഗരാജനായ സിംഹം മേശയ്ക്കടിയിലിരുന്നു് ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. സിംഹത്തിനു് ജീവന്‍ കൊടുക്കുന്നു എന്നുള്ള രാധാകൃഷ്ണന്റെ ഡയലോഗ് കേട്ടിട്ട് വേണം അലറിക്കൊണ്ട് മേശയ്ക്കടിയില്‍ നിന്നും രംഗത്തേയ്ക്ക് ചാടി വീഴാന്‍. കൂവലിന്റെ ശക്തി കാരണം വല്ലതും കേട്ടിട്ടു വേണ്ടേ ചാടാന്‍! ഡയലോഗ് കഴിഞ്ഞിട്ടും പുറത്തുവരാത്ത സിംഹത്തിന്റെ പുറത്ത് അഭിനയത്തിന്റെ ഭാഗമെന്നോണം രാധാകൃഷ്ണന്റെ ഒരു ചവിട്ടും!. അലറുന്നതിനു പകരം കരഞ്ഞുകൊണ്ട് മേശയൊക്കെ മറിച്ച് സിംഹം രംഗത്ത്! ആരോ എറിഞ്ഞ മെസ്സിലെ ചീഞ്ഞ തക്കാളി സിംഹത്തിന്റെ മുഖത്തു തന്നെ കൊണ്ടു.(മുഖംമൂടിയുള്ളതു നന്നായിയെന്ന് തോന്നി).നാടകം സമാപ്തം.യൂണിറ്റില്‍ പിറ്റേ ദിവസം, സിംഹമായി വേഷം കെട്ടിയതു് കുഞ്ഞിമൂസയായിരുന്നു എന്നു് ഞാന്‍ തന്നെ പറഞ്ഞു പരത്തി.(മുഖംമൂടി വീണ്ടും രക്ഷയ്ക്ക്).ICH-ലെ കട്‌ലെറ്റ് കൈക്കൂലിയായി കൊടുത്തതു കൊണ്ട് സുഷമയും സൂരജുമൊക്കെ ജൂനിയേഴ്സിനു മുമ്പില്‍ നാണം കെടാതിരിയ്ക്കാന്‍ സഹായിച്ചു.

ഇതൊക്കെ എന്നെ ഓര്‍മ്മപ്പിച്ചതു് ഈ കവിതാ പാരായണമാണു്. ഇതവതരിപ്പിച്ച മിടുക്കന്റെ പേര് അസ്‌ലം. നമ്മുടെ കോളേജിലെ 51st batch. പ്രസംഗം, അഭിനയം, നാടകം, സിനിമ അങ്ങനെ പലതും കൈയിലുണ്ട്. എന്ത് സീരിയസ്സായിട്ടാണ് ഇതവതരിപ്പിയ്ക്കുന്നതെന്നു് നോക്കൂ. ആ ഡ്രസ് തന്നെ എന്തു ഫോര്‍മല്‍ ആണ്. അവതരിപ്പിയ്ക്കുന്നതാവട്ടെ രണ്ടു മഹാകവിതകളും!. രാഗം മോഹനം ആദിതാളം! രാഗം ശരിയാക്കാന്‍ "കരയില്ലേ" എന്ന ഒറിജിനല്‍ പ്രയോഗം "കരയില്ലയോ" എന്നാക്കി മാറ്റിയിട്ടുണ്ട് അദ്ദേഹം. പാടി നീട്ടി ലഘുക്കളെ ഗുരുവാക്കാമിച്ഛ പോലെ എന്നാണല്ലോ പണ്ടാരാണ്ടോ പറഞ്ഞു വെച്ചിരിയ്ക്കുന്നതു്. ഒരു കവിത ചൊല്ലിയിട്ടും സമയം തീരാത്തതുകൊണ്ട് അദ്ദേഹം അടുത്ത കവിത കൂടി ചൊല്ലുന്നു. ഈ കവിത കേട്ട പലരും അദ്ദേഹത്തെ കവിയരങ്ങ് അവതരിപ്പിയ്ക്കാന്‍ വിളിയ്ക്കുന്നണ്ടത്രെ! ഇപ്പോള്‍ ആവരേജ് എക്സാമിനേഷന്റെ തിരക്കിലായതു കൊണ്ട് അതു കഴിഞ്ഞ് വരാമെന്നു് പറഞ്ഞ് ആരാധകരെ മടക്കി അയക്കുകയാണു് അദ്ദേഹം. അതിനു ശേഷം, "തൂമ തൂകുന്ന തൂമരങ്ങള്‍", "കൂ കൂ കൂകൂ തീവണ്ടി", "മുറ്റത്തെത്തും മഴവെള്ളം", മുതലായ കവിതകള്‍ ഉള്‍പ്പെടുത്തിയ ഒരു ആല്‍ബം അദ്ദേഹം പുറത്തിറക്കുന്നുണ്ട്.