Wednesday, December 30, 2009

തിരുവാതിര

സുമംഗലികള്‍ ഉറക്കമൊഴിയ്ക്കുന്ന ധനുമാസത്തിലെ ആതിര രാത്രി. കൈകൊട്ടിക്കളിപ്പാട്ടിന്റേയും, നിറനിലാവിന്റേയും, ദശപുഷ്പങ്ങളുടേയും, തുടിച്ചുകുളിയുടേയും രാത്രി. ഞങ്ങള്‍ കുട്ടികള്ക്ക് ഈ രാത്രി ആഘോഷത്തിന്റെ രാത്രിയായിരുന്നു. ഉണങ്ങിയ വാഴയില ദേഹത്തു വെച്ചു കെട്ടി, മുഖത്തു് കവുങ്ങിന്പാാള കൊണ്ടുള്ള മുഖംമൂടി വെച്ച് ചെണ്ട കൊട്ടി ഗ്രാമത്തിലൂടെ അലഞ്ഞു തിരിയുന്ന രാത്രി. ഉറക്കമൊഴിയുന്ന സ്ത്രീകള്ക്ക് ഉറക്കം വരാതിരയ്ക്കാന്‍ കുട്ടികള്‍ അവതരിപ്പിയ്ക്കുന്ന കലാപരിപാടികളാണു് ഇവ. കാലന്‍, ചിത്രഗുപ്തന്‍, കുറത്തി, കൊറ്റി ഇവയൊക്കെയാണു് വേഷങ്ങള്‍. ചിത്രഗുപ്തന്‍ കൂട്ടത്തിലൊരാളെ ചൂണ്ടിക്കാട്ടി, മരിയ്ക്കാറായെന്ന മട്ടില്‍ കയ്യിലുള്ള ചിരട്ടയില്‍ കമ്പുകൊണ്ട് കണക്കെഴുതി കാലനോട് പറയുന്നു. കൂടെയുള്ള ചോഴികള്‍ അയാളെ ഉലയ്ക്കയില്‍ കെട്ടി ചുമന്നു കൊണ്ടു പോകുന്നു. മുണ്ടു കൊണ്ടു തല പ്രത്യേക രീതിയില്‍ മൂടി, വായില്‍ കടിച്ചു പിടിച്ച കോലു കൊണ്ട് വീട്ടുകാര്‍ തരുന്ന ഇളനീര്‍ കൊത്തിയെടുക്കുന്ന കൊറ്റികള്‍ പണ്ടുണ്ടായിരുന്നുവത്രെ. കുറത്തിയായി വേഷം കെട്ടി സ്ത്രീകളുടെ കൈ നോക്കി ഫലം പറഞ്ഞ് രസിപ്പിയ്ക്കുന്ന വേഷവും ഉണ്ടാവാറുണ്ട്. നല്ല കാലത്തു ഗുണം വരും, മരിയ്ക്കുന്നതു വരെ ജീവിയ്ക്കും എന്നൊക്കെയാണു് പറയുന്ന ഫലങ്ങള്‍. കളി കഴിഞ്ഞാല്‍ വീട്ടുകാര്‍ പഴവും, ഇളനീരും, പൈസയുമൊക്കെ സമ്മാനമായി തരും.

No comments:

Post a Comment